രാജ്‌കോട്ട്: ഓസ്ട്രേലിയൻ അണ്ടർ-19 ടീമിനെതിരെ ഇന്ത്യ അണ്ടർ-19ന് 7 റണ്‍സിന്റെ ആവേശകരമായ വിജയം. രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തില്‍ മഴയെ തുടർന്ന് 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെന്ന സ്കോർ പടുത്തുയർത്തി.
മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയൻ പോരാട്ടം 20 ഓവറില്‍ 7 വിക്കറ്റിന് 175 റണ്‍സില്‍ അവസാനിച്ചു. 34 പന്തില്‍ 54 റണ്‍സും രണ്ട് വിക്കറ്റും വീഴ്ത്തിയ യഷ്ബർധൻ ചൗഹാനാണ് ഇന്ത്യയുടെ തിളങ്ങുന്ന താരമായത്.
സ്റ്റേഡിയത്തിലെ ഗാലറിയിലിരുന്ന് പിതാവ് വീരേന്ദർ സെവാഗ് നേരിട്ട് കളി കാണുന്നതിനിടെയാണ് മകൻ ആര്യവീർ സെവാഗ് ഇന്ത്യക്കായി കുപ്പായമണിയുന്നത്. നായകൻ ലക്ഷ്യ റായ്ചന്ത്‌നിക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ആര്യവീർ 26 പന്തില്‍ 5 ഫോറുകളോടെ 28 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. എന്നാല്‍ പവർപ്ലേയില്‍ റണ്‍റേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ ആര്യവീറിനെ സ്പെൻസർ ഗ്രീൻ പുറത്താക്കുകയായിരുന്നു. പിന്നാലെ വന്ന താരങ്ങള്‍ പെട്ടെന്ന് മടങ്ങിയതോടെ ഇന്ത്യ 65-ന് 3 എന്നും പിന്നീട് 88-ന് 4 എന്നും തകർച്ച മുന്നില്‍ക്കണ്ടു.
ഈ ഘട്ടത്തിലാണ് വിക്കറ്റ് കീപ്പർ ബാറ്ററും രാഹുല്‍ ദ്രാവിഡിന്റെ മകനുമായ അൻവയ് ദ്രാവിഡ് ക്രീസിലെത്തുന്നത്. യഷ്ബർധനെ ഒരറ്റത്തുനിർത്തി ആക്രമിച്ചു കളിച്ച അൻവയ് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. നേരിട്ട 18 പന്തുകളില്‍ നിന്ന് 2 ഫോറുകളും 3 സിക്സറുകളും അടക്കം 211.11 സ്ട്രൈക്ക് റേറ്റില്‍ 38 റണ്‍സാണ് അൻവയ് വാരിക്കൂട്ടിയത്. യഷ്ബർധനൊപ്പം ചേർന്ന് പടുത്തുയർത്തിയ 69 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് കരുത്തായത്. 18-ാം ഓവറില്‍ എലി ബ്രെയ്ന്റെ പന്തില്‍ ക്ലീൻ ബൗള്‍ഡായി അൻവയ് മടങ്ങുമ്പോള്‍ ഇന്ത്യൻ സ്കോർ 157-ല്‍ എത്തിയിരുന്നു. നിശ്ചിത 20 ഓവറില്‍ ഇന്ത്യ 182 റണ്‍സ് കണ്ടെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്കായി നീല്‍ പട്ടേല്‍ (45), ഹെയ്ഡൻ ബാർബുലോവിക് (40), ക്യാപ്റ്റൻ ജാക്ക് ചോസ്നെക് (55) എന്നിവർ പൊരുതി നോക്കിയെങ്കിലും, കൃത്യസമയത്ത് പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർ കളി കൈവിടാതെ കാത്തു. ഒടുവില്‍ ഓസ്ട്രേലിയൻ ഇന്നിങ്സ് 20 ഓവറില്‍ 7 വിക്കറ്റിന് 175 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ ആവേശകരമായ വിജയം സ്വന്തമാക്കി. ഇന്ത്യക്കായി യഷ്ബർധൻ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
.jpg)


%20(468%20x%2090%20px)%20(1).jpg)

