Subscribe Us

വൈറലാകാൻ മൊബൈല്‍ ടവറില്‍ കയറിയ യൂട്യൂബര്‍ കുടുങ്ങി, സുഹൃത്ത് മുങ്ങി; താഴെയിറക്കിയത് 5 മണിക്കൂറിന് ശേഷം

 


ഗ്രേറ്റർ നോയിഡ: വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ടവറില്‍ കയറി കുടുങ്ങിപ്പോയ യൂട്യൂബറെ താഴെയിറക്കിയത് അഞ്ചുമണിക്കൂറിന് ശേഷം.

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് യൂട്യൂബറുടെ സാഹസികത പോലീസിനും അഗ്നിരക്ഷാസേനയ്ക്കും തലവേദനയായത്. ടവറിനുമേല്‍ വലിഞ്ഞുകയറിയ യുവാവ് മുകളിലെത്തിയതോടെ താഴെയിറങ്ങാനാകാതെ കുടുങ്ങിപ്പോകുകയായിരുന്നു. ഒടുവില്‍ അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്.

ഗ്രേറ്റർ നോയിഡയിലെ ടിഗ്രി ഗ്രാമത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. യൂട്യൂബറായ നിലേശ്വർ എന്ന യുവാവാണ് സാമൂഹികമാധ്യമങ്ങളിലെ 'റീച്ചി'നായി മൊബൈല്‍ടവറില്‍ വലിഞ്ഞുകയറിയത്. നിലവില്‍ 8870 സബ്സ്ക്രൈബേഴ്സാണ് നിലേശ്വറിന്റെ യൂട്യൂബ് ചാനലിനുള്ളത്. സാഹസികതനിറഞ്ഞ വീഡിയോയിലൂടെ കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുമെന്നും യൂട്യൂബ് ചാനലിന് സബ്സ്ക്രൈബേഴ്സ് വർധിക്കുമെന്നുമായിരുന്നു യുവാവിന്റെ കണക്കുക്കൂട്ടല്‍.

മൊബൈല്‍ടവറില്‍ കയറുന്ന വീഡിയോ ചിത്രീകരിക്കാനായി ഒരുസുഹൃത്തിനെയും കൂട്ടിയാണ് നിലേശ്വർ എത്തിയത്. തുടർന്ന് ഇയാള്‍ ടവറിന് മുകളിലേക്ക് കയറാൻ തുടങ്ങി. താഴെയുണ്ടായിരുന്ന സുഹൃത്ത് ഇതെല്ലാം മൊബൈലില്‍ ചിത്രീകരിക്കുകയുംചെയ്തു. ഇതിനിടെ യുവാവ് മൊബൈല്‍ടവറിന് മുകളിലേക്ക് വലിഞ്ഞുകയറുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംഭവം കണ്ട് ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടി. ഇതോടെ യൂട്യൂബറുടെ സുഹൃത്ത് ചിത്രീകരണം അവസാനിപ്പിച്ച്‌ സ്ഥലം കാലിയാക്കി. എന്നാല്‍, ടവറില്‍ കയറിയ നിലേശ്വർ താഴെയിറങ്ങാൻ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി അഞ്ചുമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് യുവാവിനെ സുരക്ഷിതമായി താഴെയിറക്കിയത്.

സാമൂഹികമാധ്യമങ്ങളില്‍ വൈറലാകാനായി ആരും ഇത്തരം അപകടംനിറഞ്ഞ പ്രവൃത്തികളില്‍ ഏർപ്പെടരുതെന്നാണ് പോലീസിന്റെ അഭ്യർഥന. യുവാവ് ടവറിന് മുകളില്‍ കയറിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇതിനുശേഷം യുവാവിനെതിരേ തുടർനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad