Subscribe Us

ബി.ജെ.പി സര്‍ക്കാര്‍ തടഞ്ഞ ജോലി 13 വര്‍ഷത്തിനു ശേഷം നിയമവഴിയില്‍ നേടി മുസ്‌ലിം യുവതി



 മംഗളൂരു: സർവകലാശാല അധികൃതർ വരുത്തിയ അക്കപ്പിഴവിന്റെ ചുവടുപിടിച്ച്‌ ബിജെപി സർക്കാർ നിഷേധിച്ച ജോലി മുസ്‌ലിം യുവതി നിയമവഴിയിലൂടെ 13 വർഷങ്ങള്‍ക്ക് ശേഷം നേടി.ദക്ഷിണ കന്നട ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കിലെ അറമ്ബോടി ഗ്രാമത്തില്‍ ഹൊക്കോഡിഗോളിയിലെ മുബീന ബാനുവാണ് ബണ്ട്വാള്‍ താലൂക്ക് ശിശുവികസന സൂപ്പർ വൈസറായി നിയമിതയാവുന്നത്.

കർണാടകയില്‍ ബിജെപി സർക്കാർ അധികാരത്തിലിരുന്ന 2010ലാണ് ബിരുദാനന്തര ബിരുദധാരിയായ മുബീന വനിത-ശിശു വികസന വകുപ്പില്‍ സൂപ്പർ വൈസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചത്.എന്നാല്‍ മംഗളൂരു സർവകലാശാല നല്‍കിയ ബിരുദ സർട്ടിഫിക്കറ്റില്‍ മാർക്കിന്റെ ശതമാനം 75.36 ന് പകരം 71.79 എന്ന് തെറ്റായാണ് ചേർത്തിരുന്നത്.മാർക്കുകള്‍ ചേർത്തുവെച്ച്‌ ശതമാനം ശരിയാക്കാമായിരുന്നിട്ടും ജോലി നിഷേധിക്കാനുള്ള പഴുതായി ആ അക്കപ്പിഴ ഉപയോഗിക്കുകയായിരുന്നു സർക്കാർ. കോണ്‍ഗ്രസ് നേതാക്കളും അന്ന് എംഎല്‍എമാരുമായിരുന്ന ബി.രമാനാഥ റൈയും വസന്ത് ബങ്കരയും നടത്തിയ ഇടപെടലുകള്‍ ലക്ഷ്യം കണ്ടിരുന്നില്ല.

പ്രശ്നം മംഗളൂരു എംഎല്‍എയും കർണാടക നിയമസഭ സ്പീക്കറുമായ യു.ടി.ഖാദറിന് മുന്നില്‍ അവതരിപ്പിച്ചതോടെയാണ് മുബീനയുടെ സ്വപ്ന സാഫല്യത്തിന് വഴിതുറന്നത്.അദ്ദേഹത്തിന്റെ സഹായത്തോടെ ലോകായുക്തയില്‍ പരാതി നല്‍കിയതിന് പിന്നാലെ കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനേയും സമീപിക്കുകയായിരുന്നു.

മുബീനയുടെ വിദ്യാഭ്യാസത്തിലും ക്ഷേമത്തിലും ഏറെ ശ്രദ്ധചെലുത്തിയിരുന്ന പിതാവ് ബീഡി കരാറുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന എച്ച്‌.മുഹമ്മദ് മകളുടെ സന്തോഷത്തിന് സാക്ഷിയാവാൻ ജീവിച്ചിരിപ്പില്ല.മാതാവ് ഡി.സൈനബയുടെ ആനന്ദക്കണ്ണീരിനൊപ്പം കൂട്ടായി മുബീനയുടെ ഭർത്താവ് ഇസ്മയില്‍ ഖാദറുമുണ്ട്.വിവാഹാനന്തരം സ്വകാര്യ കോളജില്‍ അധ്യാപികയായി ജോലി സ്വീകരിച്ച്‌ മെല്‍കാറില്‍ കുടുംബജീവിതം നയിക്കുന്നതിനിടെയാണ് ആശിച്ച കസേരയില്‍ നിയമനം.l

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad