Subscribe Us

സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ബസ്സിനും ലോറിക്കും പിടിവീഴും; പിഴ ഉറപ്പ്, എ.ഐ ക്യാമറയില്‍ മാറ്റംവരുത്തി


സീറ്റ് ബെല്‍റ്റില്ലാതെ ഓടുന്ന ലോറിയും ബസ്സും ഇനി ശ്രദ്ധിക്കണം. ക്യാമറക്കണ്ണിലെ പിടിത്തം അടുത്തെത്തി. സീറ്റ് ബെല്‍റ്റ് ഇല്ലാതെ ഓടുന്ന ഹെവി വാഹനങ്ങള്‍ ശ്രദ്ധിക്കാൻ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കി.

ആര്‍.ടി.ഒ.മാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒ.മാര്‍ക്കുമാണ് കത്ത് അയച്ചത്. എ.ഐ. ക്യാമറകളില്‍ ഇതിന്റെ സാങ്കേതികത്വം കെല്‍ട്രോണും ഒരുക്കിക്കഴിഞ്ഞു.

ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഒഴികെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ നിഷ്കകര്‍ഷിച്ചിട്ടുള്ള എല്ലാ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം. മിക്ക മീഡിയം, ഹെവി വാഹനങ്ങളിലും ഡ്രൈവര്‍മാരും മുൻസീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. ഇതു സംബന്ധിച്ച്‌ പരാതി ലഭിച്ചിട്ടുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നിയമപരമായ നടപടി സ്വീകരിക്കാനും ആര്‍.ടി.ഒ.മാരോട് നിര്‍ദേശിച്ചു.

സെപ്റ്റംബര്‍ ഒന്നുമുതല്‍ ഹെവി വാഹന ഡ്രൈവര്‍മാര്‍ക്കും മുൻസീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി.ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. ബസ്സുകളില്‍ സീറ്റ് ബെല്‍റ്റ് ഒരുക്കുന്ന തിരക്കിലാണ് അവര്‍.

സ്വകാര്യ ബസ് ഉടമകള്‍ ഇപ്പോഴും അവ്യക്തതയിലാണ്. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യ ബസ്സുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്തിട്ടുണ്ട്. പല സ്വകാര്യ ബസ്സുകളിലും ഡ്രൈവറുടെ സീറ്റിന് എതിര്‍വശത്തായി പെട്ടി സീറ്റില്‍ യാത്രക്കാര്‍ ഇരിക്കാറുണ്ട്. ഇത് നിയമപ്രകാരം അനുവദനീയമല്ല.

ക്യാമറയും റെഡി

നിലവില്‍ കാറുകള്‍, നാലുചക്ര മോട്ടോ കാബുകള്‍ ഉള്‍പ്പെടെ സീറ്റ് ബെല്‍റ്റില്ലാതെ ഓടിക്കുന്നവയെ എ.ഐ. ക്യാമറ പിടിച്ച്‌ പിഴ ഈടാക്കുന്നുണ്ട്. 500 രൂപയാണ് പിഴ. എ.ഐ. ക്യാമറ വന്നതിനുശേഷം കണ്ണൂര്‍ ജില്ലയില്‍ ഏറ്റവുമധികം പിഴ ഈടാക്കിയത് കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്ത കേസുകളിലാണ്. ജൂണില്‍ 8,728 കേസുകളാണ് പിടിച്ചത്. ലോറികളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കെതിരേയും പിഴ അടക്കാൻ നോട്ടീസ് വന്നുതുടങ്ങി.

ഹെവി വാഹനങ്ങളിലെ സീറ്റ് ബെല്‍റ്റ് ഇല്ലാത്തത് പിടിക്കാനും ക്യാമറയില്‍ സജ്ജീകരണമുണ്ടെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ പറഞ്ഞു.ലോറി, ബസ്, ടൂറിസ്റ്റ് കോണ്‍ട്രാക്‌ട് കാര്യേജുകള്‍ എന്നിവയിലെ ഡ്രൈവര്‍മാര്‍ക്കും മുന്നില്‍ ഡ്രൈവറുടെ ഇടതുവശത്ത് ഇരിക്കുന്നയാള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. കാബിനില്ലാത്ത ബസുകളില്‍ (റൂട്ട് സര്‍വീസ്) ഡ്രൈവര്‍ക്ക് മാത്രമാണ് സീറ്റ് ബെല്‍റ്റ് ബാധകം. ലോറികളില്‍ ഡ്രൈവറും സഹായിയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad